മുംബൈ: സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെ അപാർട്ട്മെന്റിലെ ലിഫ്റ്റിന്റെ ഷാഫ്റ്റിലേക്ക് വീണ് 12കാരന് ദാരുണാന്ത്യം. മുംബൈ സ്വദേശി ജെയിൻ ഷെയ്ഖ് ആണ് മരിച്ചത്. മുംബൈയിലെ നെഹ്റു നഗറിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റിന് സമീപം ഒളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ലിഫ്റ്റിന്റെ വാതിലിൽ ചാരി നിൽക്കുന്നതിനിടെ വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നു.
ആ സമയം ലിഫ്റ്റ് മൂന്നാം നിലയിലായിരുന്നതിനാൽ 10ാം നിലയിൽ നിന്ന് വീണ ജെയിൻ മൂന്നാം നിലയിലുള്ള ലിഫ്റ്റിന്റെ മുകളിലേക്ക് പതിച്ചു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴ് മാസമായി കെട്ടിടത്തിലെ ലിഫ്റ്റിന് സാങ്കേതിക തരാറുകൾ ഉണ്ടായിരുന്നുവെന്ന് താമസക്കാർ പറയുന്നു. സംഭവത്തിൽ നെഹ്റു നഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.